Kerala
റായ്പുർ: ചത്തീസ്ഗഡിൽ രണ്ട് ജില്ലകളിലായുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ചു. സുക്മയിലും അയൽജില്ലയായ ബിജാപുരിലുമാണ് സുരക്ഷാസേനയുമായി മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്.
12 മാവോയിസ്റ്റുകൾ സുക്മയിലും രണ്ട് മാവോയിസ്റ്റുകൾ ബിജാപുരിലും കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ തുടരുകയാണെന്നും ഈ സംഖ്യയിൽ മാറ്റമുണ്ടായേക്കാമെന്നും അധികൃതർ അറിയിച്ചു.
സുക്മ ജില്ലയിലെ കിസ്താറാം പ്രദേശത്താണ് ആദ്യ ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെ വെടിവയ്പ്പുണ്ടാകുകയായിരുന്നു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ, മുതിർന്ന മാവോയിസ്റ്റ് നേതാവായ കോണ്ട ഏരിയ കമ്മിറ്റിയിലെ സച്ചിൻ മംഗ്ഡു ഉൾപ്പടെയുള്ളവർ കൊല്ലപ്പെട്ടു.
കോണ്ടയിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) ആകാശ് ഗിർപുഞ്ചെയെ കൊലപ്പെടുത്തിയതിന് ഉത്തരവാദിയായ മാവോയിസ്റ്റ് കമാൻഡർ ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
തിരച്ചിൽ സംഘം കാട്ടിൽ നിന്നും മടങ്ങിയെത്തിയതിന് ശേഷം മാത്രമേ മാവോയിസ്റ്റുകളെ തിരിച്ചറിയാൻ കഴിയൂ എന്ന് സുക്മ എസ്പി കിരൺ ചവാൻ പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും സുരക്ഷാ സേന എകെ-47, ഇൻസാസ് റൈഫിളുകൾ കണ്ടെടുത്തു.
ബിജാപൂരിലും ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. രണ്ട് മോവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേന, ഒരു എസ്എൽആറും 12 ബോർ റൈഫിളും കണ്ടെടുത്തു.
ഈ വർഷം മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആകെ 285 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.
National
ദിസ്പുർ: ആസാമിൽ ചൊവ്വാഴ്ച സംഘർഷമുണ്ടായ വെസ്റ്റ് കർബി ആംഗ്ലോംഗ് ജില്ലയിലെ സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംഘർഷമുണ്ടായ വെസ്റ്റ് കർബി ആംഗ്ലോംഗിലെ ഖെറോണിയിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകുന്നേരം ഖെറോണിയിലെ മാർക്കറ്റ് പ്രദേശത്ത് സംഘർഷം ഉടലെടുക്കുകയായിരുന്നു. സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 58 പോലീസുകാർക്ക് പരിക്കേറ്റു.
തുടർന്ന് വെസ്റ്റ് കർബി ആംഗ്ലോംഗ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സംഘർഷത്തെ തുടർന്ന് വിച്ഛേദിച്ചു. ഗോത്ര വിഭാഗത്തിൽ പെട്ടവർക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്.
ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇവിടെ താമസിക്കുന്ന നേപ്പാൾ, ബിഹാർ കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ എത്തിയത്.
National
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകളെ വധിച്ചു. ബിജാപുർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.
ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 18 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്. പരിക്കേറ്റ രണ്ട് ജവാന്മാർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ പക്കൽ നിന്ന് ഓട്ടോമാറ്റിക് റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
National
ഇംഫാൽ: മണിപ്പുരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ജനക്കൂട്ടം സുരക്ഷാസേനയുമായി ഏറ്റുമുട്ടി. ദുരിതാശ്വാസ ക്യാന്പുകളിൽനിന്ന് വീടുകളിലേക്ക് മടങ്ങിപ്പോകാൻ ശ്രമിച്ചവരെ സുരക്ഷാസേന പിന്തിരിപ്പിച്ചതാണ് സംഘർഷകാരണം.
മേയ് 2023നു തുടങ്ങിയ കലാപത്തെത്തുടർന്ന് വിവിധ ക്യാന്പുകളിലായി കഴിയുന്ന ഒരുസംഘം ഇംഫാൽ ഈസ്റ്റിലെ ഗ്വാൽതാബിയിലേക്കു മടങ്ങുന്നതിനിടെ യായ്ൻഗാംഗ്പോക്പിയിൽ സുരക്ഷാസേന തടഞ്ഞതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. സമരക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു.
സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിച്ചുവെന്ന് സർക്കാർതന്നെ അവകാശപ്പെട്ട സാഹചര്യത്തിൽ വീടുകളിലേക്കു മടങ്ങിപ്പോകുന്നതിൽ എന്താണു കുഴപ്പമെന്നാണ് പ്രക്ഷോഭകർ ചോദിക്കുന്നത്. സമീപദിവസങ്ങളിൽ സമാനമായ സംഘർഷങ്ങൾ പലയിടത്തും ഉടലെടുത്തിരുന്നു.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖ(എൽഒസി)യ്ക്ക് സമീപത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത് സുരക്ഷാസേന. ഹന്ദ്വാരയിലെ നീരിയൻ വനമേഖലയിലെ ഭീകരരുടെ ഒളിത്താവളത്തിൽ നിന്നുമാണ് ഇവ കണ്ടെത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിൽ നടത്തിയത്. രണ്ട് എം-സീരീസ് (എം4) അസോൾട്ട് റൈഫിളുകളും നാല് മാഗസിനുകളും രണ്ട് ചൈനീസ് പിസ്റ്റളുകളും മൂന്ന് മാഗസിനുകളും രണ്ട് ഹാൻഡ് ഗ്രനേഡുകളും ഒന്നിലധികം ലൈവ് റൗണ്ടുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.